ജിഷയുടെ കൊലപാതകത്തോട് പ്രതികരിച്ച് നടിയും ടിവി അവതാരകയുമായ പാർവതി പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്, ഞാൻ പൂർണ്ണമായി യോജിക്കുകയും ചെയ്യുന്നു:
"ഇനിയെങ്കിലും പെൺകുട്ടികളെ കൂടുതൽ പാവമാക്കരുത്. അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് അവളെ പഠിപ്പിക്കരുത്. പാവങ്ങളായ പെൺകുട്ടികൾ മിണ്ടില്ല എന്നതുകൊണ്ട് തന്നെ അത്തരക്കാരുടെ നേർക്കാണ് കൂടുതലും ഈ ക്രൂരത നീളുന്നത്."
വളരെ വലിയ ഒരു സത്യമാണ്. പുരുഷനെപ്പോലെ നീ ശബ്ദമുയർത്തരുത്. പുരുഷനോട് കയർക്കരുത്. പുരുഷനു നേർക്ക് കയ്യുയർത്തരുത്. പുരുഷനോടൊപ്പം ഇരിക്കരുത്, മിണ്ടരുത്. നീ പെൺകുട്ടിയാണ്. പുരുഷനോടൊപ്പമല്ലെങ്കിൽ നിനക്ക് നിന്നെ പ്രതിരോധിക്കാൻ ആവില്ല. നീ അബലയാണ്. എല്ലാം സഹിക്കേണ്ടവളാണ്. നിനക്കു മുന്നിലുള്ള ഏക വഴി ഇരുട്ടു വീഴുന്നതിനു മുൻപ് വീട്ടിലെത്തുക. മോഡേൺ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. "വെറുതെ ശാന്തനായിരിക്കുന്ന" പുരുഷന്മാരെ കാമകേളിയ്ക്കു വേണ്ടി പ്രകോപിപ്പിക്കാതിരിക്കുക!
തേങ്ങാക്കൊല!
ജിഷ വീട്ടിലായിരുന്നു. ടൈറ്റ് ജീൻസ് അല്ല ധരിച്ചിരുന്നത്. സമയം ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെ എപ്പോഴോ ആണ്.
കഴിഞ്ഞ ദിവസം ബെംഗളുരുവിൽ രാത്രി ഏതാണ്ട് ഒൻപതു മണിയ്ക്ക് ഒറ്റയ്ക്ക് "ടൈറ്റ് ജീൻസ്" ഇട്ടു നടന്ന പെൺകുട്ടിയെ ബസ് സ്റ്റോപ്പിൽ നിന്ന് ഒരാൾ പൊക്കിയെടുത്ത് അടുത്ത കെട്ടിടത്തിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. ധൈര്യത്തോടെ ശക്തമായി പ്രതിരോധിച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധയിൽ വരുത്തി അവൾ രക്ഷപ്പെട്ടു. കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വാർത്ത.
പാർവ്വതിയോട് യോജിച്ച് ഞാനും പറയുന്നു, പെൺകുട്ടികളെ പാവമാക്കരുത്. കാമഭ്രാന്തുള്ള പുരുഷന്മാർക്കു വേണ്ടി മിണ്ടാപ്രാണികളായ ഇറച്ചിക്കോഴികളായി അവളെ വളർത്തരുത്. അവൾക്ക് ശബ്ദം കൊടുക്കുക. ഉയർത്താൻ സ്വാതന്ത്ര്യമുള്ള കൈകൾ കൊടുക്കുക. അവളെ ലോകത്തിലേയ്ക്ക് ഇറക്കി വിടുക. ഒറ്റയ്ക്ക് പ്രതിരോധിച്ച്, ധൈര്യമുണ്ടായി തന്നെ അവൾ വളരട്ടെ. അവളെ തൊടാൻ ലോകം ഭയക്കും!
ഇപ്പോൾ പിടിക്കപ്പെട്ട പ്രതിയുടെ മോസ്റ്റ് എക്സ്പെൻസീവ് വക്കീൽ ഹീറോയ്ക്കായി ഞാൻ കാത്തിരിക്കുന്നു.
0 comments:
Post a Comment