Thursday, 24 April 2014

മോഹൻലാലിന്റെ 'ചമ്മൽ' ഭാവത്തെക്കുറിച്ച്..

ജീവിതത്തിൽ, നമ്മളെല്ലാം ഈ ഭാവത്തിലൂടെ ഒരിക്കലെങ്കിലുംകടന്നുപോയിട്ടുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ചു, ചിലപ്പോൾ സന്തോഷവും നിരാശയും കൂടികലർന്നും മറ്റുചിലപ്പോൾ ദുഖവും ഈ ഭാവത്തിൽ കടന്നുവരും. ഒരുപക്ഷേ, അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ പ്രയാസമേറിയ ഭാവങ്ങളിൽ ഒന്നു തന്നെയാണിതും. ഞാൻ പറഞ്ഞുവരുന്നതു മോഹൻലാലിന്റെ വേറിട്ട 'ചമ്മൽ' ഭാവങ്ങളെക്കുറിച്ചാണ്.

മുഖം കൊണ്ടു അഭിനയിക്കേണ്ട ഈ ഭാവത്തിനു കൈകളും കാലുകളും കൊണ്ടു അദ്ദേഹം പൂർണതയേകുന്നു. നമുക്കു ശ്രദ്ധിച്ചാൽ മനസ്സിലാകും മറ്റുള്ള നടന്മാരെ പോലെ മുഖം കൊണ്ടു ഗോഷ്ടി കാണിച്ചു ചിരിപ്പിക്കുകയല്ല ഈ നടൻ ചെയ്യുന്നത്. കിലുക്കത്തിലെ 'വട്ടാണല്ലേ?' എന്നു ചോദിക്കുന്ന രംഗം തന്നെ ഒരുദാഹരണം. 'ചമ്മൽ' എന്ന ഭാവം ഓരോ കഥാപാത്രത്തിന്റെ മാനസികമായ സാഹചര്യങ്ങൾക്കനുസരിച്ച് ഈ നടനിലൂടെ വേറിട്ട രീതികളിൽ പ്രതിഫലിക്കുന്നു. അധിപനിൽ പാർവതി അവരുടെ അച്ഛൻ മൃഗഡോക്ടർ ആണെന്നു പറയുമ്പോൾ മോഹൻലാൽ എന്ന നടന്റെ മുഖത്തു വിരിയുന്നതു 'ചമ്മലിന്റെ' വേറിട്ടൊരു ഭാവമായിരുന്നു. അമിതമായ ബോഡി-മൂവ്മെന്റ്സും മുഖം കൊണ്ടുള്ള കോപ്രായങ്ങളുമായി മിമിക്രി അഭിനയങ്ങൾ കടന്നുകൂടിയ പുതുസിനിമകളിൽ 'ചമ്മൽ' എന്ന ഭാവം അസ്വാഭാവികമാകുന്നു.
സ്ത്രീകഥാപാത്രങ്ങളുടെ മുന്നിൽ മോഹൻലാലിന്റെ ചമ്മലിനു ഒരു പ്രത്യേക സൗന്ദര്യമുണ്ട്.ഒപ്പം അഭിനയിക്കുന്ന നടികൾ പോലും അങ്ങനെയുള്ള സീനിൽ പൊട്ടിച്ചിരിച്ചുപോകും. ഓർമയില്ലേ നാടോടിക്കാറ്റിലെ 'കഴുകെടാ അരി', ഒരേസമയം നാണക്കേടും ദേഷ്യവും കുസൃതിയുമാണ് മോഹൻലാലിന്റെ മുഖത്തു വിരിയുന്നത്‌. ലൊക്കേഷനിൽ ശോഭനപോലും ഈ സീനിൽ പൊട്ടിച്ചിരിച്ചുപ്പോയി. നാടോടിക്കാറ്റിൽശോഭനയുടെ വീട്ടിൽ നിന്നും മണ്ണെണ്ണ വാങ്ങിയ ശേഷം അരി കൂടി വാങ്ങാൻ വരുമ്പോഴുള്ള മുഖഭാവം ശ്രദ്ധിച്ചിട്ടില്ലേ. ദാരിദ്ര്യവും, നാണക്കേടും, വിശപ്പുമൊക്കെ കൂടിക്കലർന്ന ഒരു പ്രത്യേകതരം ചമ്മൽ.

'തേന്മാവിൻ കൊമ്പത്തിൽ' ലാലേട്ടനെ മരത്തിൽ കെട്ടിയിടുന്ന രംഗമോർമയില്ലേ? ആരോ ശോഭനയോടു പറയുന്നുണ്ട്, "ഇയാൾ അവരുടെ കിടപ്പറയിൽ ഒളിഞ്ഞു നോക്കിയാതിനാ കെട്ടിയിട്ടിരിക്കുന്നതു. അവരുടെ മാനം പോയില്ലേ. മലയാളികളുടെ പേരു കളയാൻ ഓരോന്നു ഇറങ്ങിക്കോളും."അപ്പോൾ ലാലേട്ടന്റെ മുഖത്തെ ചമ്മിയ ചിരി. ഓർത്തോർത്തു ചിരിക്കാൻ അങ്ങനെ എത്ര ചിരികൾ.

'മണിച്ചിത്രത്താഴിലെ' ഡോ. സണ്ണി രാത്രിയിൽ ശ്രീദേവിയുടെ മുറിക്കരികിൽ ചെല്ലുന്നതും, ശ്രീദേവി കതകു തുറക്കുമ്പോൾ കതകിനു പിന്നിൽ പതുങ്ങിയിരിക്കുന്നതും അവർ എന്തായെന്നു ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ടു ചമ്മലിനെ മോഹൻലാൽ ഉൾക്കൊള്ളുകയാണ്. പിന്നെ 'വന്ദനത്തിലെ' ഫെവിക്കോൾ രംഗം. അങ്ങനെ എത്രയെത്ര അഭിനയമുഹൂർത്തങ്ങൾ, പറഞ്ഞാൽ തീരാത്തത്രയുണ്ട് മോഹൻലാൽ വിതറിയിട്ട 'ചമ്മൽ ഭാവങ്ങൾ'.
കണ്ണുകൾ കൊണ്ടും ചുണ്ടുകൾ കൊണ്ടും, ചിലപ്പോൾ കവിളുകൾ കൊണ്ടും കൈകൾ പരസ്പരം തട്ടിയും മറ്റുചിലപ്പോൾ കാലുകൾ കൊണ്ടു ഉയർന്നുപൊങ്ങിയും 'ചമ്മൽ' എന്ന ഭാവത്തിനു മോഹൻലാൽ വൈവിധ്യങ്ങൾ നല്കുന്നു. ഒരു ദീർഘനിശ്വാസം കൊണ്ടു പോലും മോഹൻലാൽ ഈ ഭാവത്തിനെ അനശ്വരമാക്കാറുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും പൂർണത കൈവരിക്കാൻ മോഹൻലാലിനു അനായാസമായ കഴിവുണ്ട്. അതുകൊണ്ടാണല്ലോ അഭ്രപാളിയിലെ അദ്ദേഹത്തിന്റെ സന്തോഷങ്ങളും ദുഖങ്ങളും തമാശകളും കുസൃതികളും വേദനകളുമെല്ലാം നാം നമ്മുടേതെന്നപോലെ നെഞ്ചോടു ചേർക്കുന്നതും

0 comments:

Post a Comment